എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിൽ 1911 ൽ ജനിച്ചു. ''രമണൻ'' എന്ന വിലാപകാവ്യത്തിലൂടെ മലയാളത്തിൽ അതിപ്രശസ്തനായി. പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. കാവ്യനർത്തകി, രമണൻ ,വാഴക്കുല, രക്തപുഷ്പങ്ങൾ, തുടിക്കുന്നതാളുകൾ (ഗദ്യം), ദേവഗീത (ഗീതാഗോവിന്ദം പരിഭാഷ) എന്നിവയാണ് ചില പ്രധാനപ്പെട്ട കൃതികൾ.